കൊച്ചി: ഭിന്നശേഷി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി ജില്ലാ പഞ്ചായത്തിന്റെ 2024 – 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. വനിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന. 173.87 കോടി രൂപ ആകെ വരവും 169.53 കോടി രൂപ ആകെ ചെലവും, 4.34 കോടി രൂപ നീക്കി വയ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് സനിതാ റഹീം ബജറ്റ് അവതരിപ്പിച്ചത്.
മൂന്ന് വര്‍ഷവും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സമഗ്ര മേഖലയിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ മനോജ് മൂത്തേടന് പറഞ്ഞു.
കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനമായ പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ
കലാ നൈപുണ്യ വികസനത്തിനായി സ്ഥിരം പരിശീലന കേന്ദ്രം സ്ഥാപിക്കും. പി.എസ്.സി പരിശീലനം, കലാ പഠനം, തൊഴില്‍ പരീശീലനം തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കും. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഹാപ്പി ഹോമുകള്‍, വയോജന പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കും. വനിതകള്‍ക്ക് നൂതന തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പരിശീലനം നല്‍കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും. വീഡിയോഗ്രഫി , ഫോട്ടോഗ്രഫി, ബോട്ട് ഡ്രൈവിങ് എന്നിവയില്‍ പരിശീലനം നല്‍കും. പുതുതലമുറയ്ക്ക് പഠനത്തിനോടൊപ്പം തന്നെ തൊഴില്‍ ചെയ്ത് സ്വയം വരുമാനം കണ്ടെത്തുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കും.
ആലുവ ജില്ലാ ആശുപത്രിയില്‍ എം.ആര്.ഐ സ്കാനിംഗ് സെന്റര്‍ സ്ഥാപിക്കും. ഫാം ടൂറിസത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് പ്രവൃത്തികള്‍ നടപ്പിലാക്കും . വിദ്യാര്‍ത്ഥികള്‍ക്കായി ‘ വാര്‍ത്തയും വര്‍ത്തമാനവും ‘ എന്ന പേരില്‍ മാധ്യമ ശില്പശാല സംഘടിപ്പിക്കും .വിഭവ സ്രോതസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കും.
ചെറുധാന്യ കൃഷിക്ക് പ്രോത്സാഹനം നല്കി പദ്ധതികള്‍ നടപ്പിലാക്കും. കൃഷിക്കായി ധനസഹായം നല്‍കുന്നതിന് ഒപ്പം തന്നെ ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സഹായം നല്‍കും. ജില്ലാ പഞ്ചായത്ത് ബ്രാന്റില്‍ വിപണനം ചെയ്യുന്നതിനുള്ള കിയോസ്ക്കുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. കൃഷിക്കും വിപണന പരിപാടികള്‍ക്കുമായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രാമച്ചത്തിന്റെ വ്യാവസായിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ട് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിപാഠം എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് സ്കൂളുകളില്‍ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിന് 8.2 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഫാമുകളില്‍ ഉല്പാദിപ്പിക്കുന്ന മേല്‍തരം ഫലവൃക്ഷതൈകള്‍ സൗജന്യമായി സ്കൂളുകളില്‍ ലഭ്യമാക്കും. തരിശു രഹിത ജില്ല ആക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കക്ക് പ്രാധാന്യം നല്‍കും. തോട്ടറ പുഞ്ച കൃഷി സജീവം ആക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കും. പൊക്കാളി കൃഷി , നെല്‍കൃഷി, വാഴ കൃഷി കേരഗ്രാം പദ്ധതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഉറവ- ജലസംരക്ഷണം, ജലസേചന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് നിലവിലുള്ള മാര്‍ക്കറ്റുകളെ നൈറ്റ് മാര്‍ക്കറ്റുകള്‍ ആയി പരിവര്‍ത്തനം ചെയ്യുന്നതിന് 25 ലക്ഷം രൂപയും, മുളവുകാട് പഞ്ചായത്തില്‍ ഒഴുകുന്ന മാര്‍ക്കറ്റ് ( ഫ്ലോട്ടിങ് മാര്‍ക്കറ്റ് ) പദ്ധതിക്കായി 15 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനിമല്‍ ഫാം നിര്‍മ്മിക്കും. ഗ്രാമപഞ്ചായത്തുകളില്‍ ഭൂമിയുള്ളതും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലൈവ് സ്റ്റോക്ക് ഫാമുകള്‍ നടത്താന്‍ താല്പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് ഫാമുകള്‍ നടത്തുന്നതിന് സഹായം നല്‍കും. ഈ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. തീരസുരക്ഷ, തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി. ഏഴിക്കര ഫിഷ് ലാന്‍ഡിങ് സെന്റര്‍ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കേടായ വലകള്‍ വാങ്ങുന്നതിനും ഐസ് ബോക്സുകള്‍ വാങ്ങുന്നതിനും 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചും, സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനരംഗത്ത് യുവതി യുവാക്കളെ പ്രാപ്തരാക്കുന്നതിന് കേരള മീഡിയ അക്കാദമിയുടെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. മാധ്യമ രംഗത്തെ പ്രഗല്ഭരെ പങ്കെടുപ്പിച്ച് മൂന്ന് ദിവസത്തെ ശില്പശാല നടത്തുന്നതിന് 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഗ്രാമരഥം എന്ന പേരില്‍ ഇ – റിക്ഷകള്‍ നിരത്തിലിറക്കും. കുടില്‍ വ്യവസായങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രമായ ചേന്ദമംഗലം മേഖലയ്ക്ക് പുറമേ, ഐരാപുരം, ശ്രീമൂലനഗരം, കുന്നുകര തുടങ്ങിയ ഭാഗങ്ങളിലെയും കൈത്തറി വ്യവസായത്തിന് പ്രാധാന്യം നല്‍കും. ഡൈ ഹൗസ് ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സഹകരണ സംഘം സ്ഥാപിച്ച് ഗുണനിലവാരത്തിലും കുറഞ്ഞ ചെലവിലും മരാമത്ത് പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ എറണാകുളം ഡിസ്ട്രിക്ട് ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കും. ആലകളുടെ ആധുനികവല്‍ക്കരണത്തിനും നവീകരണത്തിനും 10 ലക്ഷം രൂപ വകയിരുത്തി.
ഗാന്ധിജി മുന്നോട്ടുവെച്ച ദര്‍ശനങ്ങളും ഭരണഘടന മൂല്യങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗാന്ധി സ്മൃതി പദ്ധതിക്കായി 30 ലക്ഷം രൂപ മാറ്റിവെച്ചു. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ശാസ്ത്ര ഗവേഷണത്തിന് പിന്തുണ നല്കുന്ന ശാസ്ത്രപഥം പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് ചരിത്ര സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിന് അവസരം ഒരുക്കുന്ന വേരുകള്‍ തേടി പദ്ധതിക്കായി 20 ലക്ഷം രൂപയും സ്കൂളുകളില്‍ ശാസ്ത്ര മ്യൂസിയം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ചരിത്ര പഠനവും വിവിധ രാജ്യങ്ങളുടെ സംസ്കാരവും പഠിക്കുന്നതിന് സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പെന്‍ഡ്രൈവില്‍ സര്‍ക്കാരിന്റെ അനുമതിയോടെ സ്കൂളുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് പത്തുലക്ഷം രൂപ അനുവദിച്ചു. സ്കൂളുകളില്‍ സ്മാര്‍ട്ട് ലാബ്, അക്വാ ക്ലബ്, അലങ്കാര മത്സ്യകൃഷി, സ്കൂള്‍ സമയത്ത് കുട്ടികള്‍ പുറത്ത് ഇറങ്ങുന്നത് തടയുന്നതിന് കോലു മിഠായി എന്ന പേരില്‍ സ്വീറ്റ് സെന്റര്‍ സ്ഥാപിക്കുക, പുസ്തക വണ്ടി – സഞ്ചരിക്കുന്ന പുസ്തകശാല, അക്ഷരജ്യോതി – വായനാവാരാഘോഷം, വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം, വിദ്യാലയങ്ങളില്‍ പാലിയേറ്റീവ് ക്ലബ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.
സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്കി കൊണ്ടാണ് പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്. കൂവപ്പടിയിലുള്ള എഡ്യൂക്കേഷന്‍ ട്രെയിനിങ് സെന്റര്‍ പുതുക്കി പണിത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ റസിഡന്‍ഷ്യല്‍ ട്രെയിനിങ് സെന്റര്‍ ആക്കുന്നതിനുള്ള പദ്ധതിക്ക് രണ്ടു കോടി രൂപ വകയിരുത്തി. പുനരുപയോഗപ്രദമായ പാത്രങ്ങള്‍, ടംബ്ലറുകള്‍ എന്നിവ വാടകയ്ക്ക് നല്കുന്ന വനിതാ സംരംഭക പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രുചിക്കൂട്ട് റെഡി ടു ഈറ്റ് ആന്റ് കുക്ക് സംരംഭം, വിധവകളായ സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭം, രുചികരവും സുരക്ഷിതമായി ഭക്ഷണം ഓഫീസുകളില്‍ എത്തിച്ചു നല്കുന്ന ടിഫിന്‍ വാല പദ്ധതി എന്നിവ നടപ്പിലാക്കും. പെണ്ണെഴുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകളുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കും. വിഷന്‍ എന്ന പേരില്‍ വനിതകള്‍ക്കായി സിനിമോട്ടോഗ്രഫി പരിശീലനം, സൈക്കിള്‍ ബെല്‍ എന്ന പേരില്‍ സ്ത്രീകള്‍ക്ക് പരിശീലനം, സ്ത്രീകള്‍ക്ക് ഫോണില്‍ കൗണ്‍സിലിംഗ്, ബോട്ട് ഡ്രൈവിംഗ് പരിശീലനം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
സ്വപ്നക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഫ്ലാറ്റ് സമുച്ചയം പണിയുന്നതിന് 40 ലക്ഷം രൂപയും, കിരണം, മികവ് പദ്ധതികള്‍ തുടരുന്നതിനും, വിജയഭേരി സ്കോളര്‍ഷിപ്പ് പദ്ധതിക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ ഊരുകളുടെ സമഗ്ര വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ പ്രചാരത്തിലുള്ളതും ഗുണകരവുമായ ചികിത്സാരീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ആരോഗ്യ പച്ച പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും മോട്ടിവേഷന്‍ ക്ലാസുകളും നല്കുന്ന ബോധിനി പദ്ധതി, എന്നിവ നടപ്പിലാക്കും. വന്യ മൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് ട്രഞ്ചിങ്ങും സോളാര്‍ ഫെന്‍സിനും നടത്തുന്നതിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ആശാ പ്രവര്‍ത്തകരുടെ സംഗമം നടത്തും. കിടപ്പുരോഗികളുടെ വേദന നിവാരണ പദ്ധതിക്ക് 15 ലക്ഷം അനുവദിച്ചു. ആലുവ ജില്ലാ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആക്കും. കാഴ്ച പരിമിതര്‍ക്ക് ബ്രെയിന്‍ ലിപിയില്‍ സാക്ഷരത പഠനത്തിന് സൗകര്യം ഒരുക്കും. അതിഥി തൊഴിലാളികളുടെ സാക്ഷരതാ പഠനത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കും. സാക്ഷരതാ പരിപാടിക്ക് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു വര്‍ഷം ഒരു ഗ്രാമത്തെ ദത്തെടുത്ത സ്വയം പര്യാപ്തമാക്കുന്ന സ്വരാജ് പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിന് എബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഠന വൈകല്യമുള്ളവര്‍ക്ക് വെര്‍ച്ചല്‍ റിയാലിറ്റിയിലൂടെ പഠനസൗകര്യം നല്കുന്ന പൂത്തുമ്പി പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കുന്ന ലോട്ടറി വില്പനശാലയ്ക്കും , മുച്ചക്രവാഹനം നല്കുന്ന രാജഹംസം പദ്ധതിക്കും, ചലനം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് ഓള്‍ഡേജ് ഹോമുകള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.
എല്ലാ ഗ്രാമപഞ്ചായത്തുകളും ഫ്രറ്റേണിറ്റി സെന്ററുകളും ഹാപ്പിനസ് പാര്‍ക്കുകളും സ്ഥാപിക്കും. മാലിന്യ സംസ്കരണത്തിന് 10 കോടി രൂപയുടെ ബയോ പാര്‍ക്ക് നിര്‍മ്മിക്കും. തീര മേഖലയില്‍ മൃഗങ്ങള്‍ക്കുള്ള ക്രിമിറ്റോറിയത്തിന് 20 ലക്ഷം രൂപയുടെ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടത്താവളം ഒരുക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം.ജെ ജോമി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ആശ സനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. ജി. ഡോണോ മാസ്റ്റര്‍ , സെക്രട്ടറി പി. എസ് ഷിനോ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണത്തില്‍ പങ്കെടുത്തു.