പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ഫുള്‍ പേജ് പരസ്യം. പരസ്യത്തില്‍ ക്ഷുഭിതനായ രമേശ് ചെന്നിത്തല വീക്ഷണത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫിനെ വിളിച്ചു വരുത്തി ശകാരിച്ചു.
നേമത്ത് ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പരസ്യം നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വം അസ്വാഭാവികത കാണുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയ്ക്ക് പിന്നില്‍ ഐ ഗ്രൂപ്പെന്ന രോഷം എ ഗ്രൂപ്പിനുണ്ടായിരുന്നു. ഇതിന് പ്രതികാരമാകാം പരസ്യമെന്ന് ഐ ഗ്രൂപ്പും കരുതുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ ആശംസ എന്ന നിലയില്‍ ഡിസിസിയാണ് പരസ്യം ഏകോപിപ്പിച്ചത്. നാളെ മുതല്‍ ആശംസാ പരസ്യം വീക്ഷണം നല്‍കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് ജെയ്സണ്‍ ജോസഫ്. വിവാദ പരസ്യത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും സബ് എഡിറ്റര്‍ക്ക് പറ്റിയ അബദ്ധമാണ് സംഭവിച്ചതെന്നും ജയ്സണ്‍ ജോസഫ് പറഞ്ഞു.