കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്തെത്തിയായിരുന്നു ഉച്ചയ്ക്ക് 12.15ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുറന്ന ജനാധിപത്യ രീതിയിലൂടെ നേതാവിനെ കണ്ടെത്തുന്ന രാജ്യത്തെ ഏക പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുക എന്നത് പ്രിവിലേജാണെന്ന് തരൂര്‍ പ്രതികരിച്ചു.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെങ്കിലും ഇതൊരു വലിയ അവസരമായാണ് താന്‍ കാണുന്നതെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ താത്പര്യം ഉടലെടുക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിനുമുള്ള അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് കുറെക്കൂടി ഫലപ്രദമായി സംഘടനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവും. കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്ന ചിന്താഗതി നമ്മളെ ഒരിടത്തുമെത്തിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഈ പോരാട്ടത്തില്‍ ഒരു അധഃസ്ഥിതനായാണ് ഞാന്‍ കാണപ്പെടുന്നതെന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. നിലവിലുള്ള അവസ്ഥ നിലനിര്‍ത്താനും നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാനും വ്യവസ്ഥിതി ഒന്നിച്ചു നില്‍ക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നതും എന്നെ അലട്ടുന്നില്ല. ചില ഘട്ടങ്ങളില്‍ നമ്മുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ധൈര്യം നമുക്കുണ്ടാവണം. പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലുമെന്നും തരൂര്‍ പറഞ്ഞു.
ജി 23യുടെ പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. അവരുടെ പിന്തുണ തേടിയിട്ടുമില്ല. ജി 23 ഒരു സംഘടനയല്ല. ആ പദം മാധ്യമ സൃഷ്ടിയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര് ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി 23 വരുന്നതിനും മുന്‍പ് 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്കാരങ്ങളുടെ വക്താവെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.