24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്ഗവന് നഗറിലും പൂര്‍ത്തിയായി.
75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ. ഇസ്മായിലും സി. ദിവാകരനും എതിര്‍പ്പു പരസ്യമാക്കിയതിനാല്‍ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പാക്കുന്നതിനു മുന്‍പു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം. എന്നാല്‍ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.
സെക്രട്ടറി സ്ഥാനത്തേക്കു സര്‍വ സമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായില്‍ പക്ഷം.
പ്രായപരിധി നടപ്പിലായില്ലെങ്കില്‍ ഇസ്മായില്‍ കാനത്തിനെതിരെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചേക്കും. ഇസ്മായില്‍ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിനെ മത്സരിപ്പിക്കണം എന്ന ആലോചനയാണു മുറുകുന്നത്.