കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് മാത്രമേ ഓണം ആഘോഷിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്കുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്ന പതിവ് ഒഴിവാക്കണം. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര് മാത്രം ഷോപ്പിംഗിനായി പോകാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും ശ്രമിക്കണം.
കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്രാട ദിവസം കടയില്‍ പോകുന്നവര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി പറഞ്ഞു. കടകളില്‍ പോകുമ്പോള്‍ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര് മാത്രമേ പോകാവൂ. ഫോണിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഡെലിവറി ചെയ്യാനും ശ്രമിക്കണം.
ബില്ലുകള്‍ പണമായി നല്‍കുന്നതിന് പകരം ഡിജിറ്റലാക്കാന്‍ ശ്രമിക്കണം. ഷോപ്പിംഗ് കഴിഞ്ഞു എത്തിയാല്‍ ദേഹം ശുചിയാക്കി വേണം വീടിനകത്തേക്ക് കയറാനെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.