കോഴിക്കോട്: മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ടെ അരക്കിണറിലെ ‘അല്‍ സുമാസ്’ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.
നടന് സുരേഷ് ഗോപിയും ഇന്ന് രാവിലെ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എം പി എന്നിവരും മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാമുക്കോയയുടെ സംസ്കാര ചടങ്ങുകളില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംവിധായകന് വി എം വിനുവിന്റെ പ്രതികരണമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും താരങ്ങള്‍ വരാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും മാമുക്കോയയുടെ കുടുംബം വ്യക്തമാക്കി.