ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ വീഴ്ച സമ്മതിച്ച് കേരള വിസി. ചോദ്യ പ്പേപ്പറിനൊപ്പം ഉത്തര സൂചിക നല്‍കിയത് തിരക്ക് മൂലമെന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. മന:പ്പൂര്‍വമല്ലാത്ത പിഴവാണ് സംഭവിച്ചതെന്നും ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വീഴ്ച മൂലമാണെന്നും വിശദീകരണത്തില്‍ പറയുന്നു.
ബി.എസ്.സി പരീക്ഷക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്. ബി.എസ്.സി ഇലക്ട്രോണിക്ക്സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി സിഗ്നല്‍ ആന്‍ഡ് സിസ്റ്റംസ് വിഷയത്തില്‍ നടത്തിയ പ്രത്യേക പരീക്ഷക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്.
മൂല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍വകലാശാല ഉത്തര സൂചിക നല്കിയ കാര്യം മനസിലാകുന്നത്. ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷക്കാണ് പഴയ ചോദ്യപേപ്പര്‍ തന്നെ ആവര്‍ത്തിച്ചത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
ചോദ്യപേപ്പര്‍ വിവാദത്തില്‍ കഴിഞ്ഞ ദിവസം കേരളാ വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.