ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാള്‍ ജയിലിലായ സാഹചര്യത്തില്‍ പകരക്കാരിയായി ഭാര്യ സുനിതയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കും. ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി.
കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ ജയിലില്‍ ഇരുന്നു ഭരിക്കുവാനുള്ള നീക്കം പാര്‍ട്ടി നടത്തിയെങ്കിലും ഇത് ലഫ്റ്റനന്റ് ജനറല്‍ വികെ സക്സേന തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിതയെ മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായതിനു പിന്നാലെ സുനിത സജീവമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നു വാര്‍ത്താ സമ്മേളനങ്ങളാണ് സുനിത നടത്തിയത്. ഇന്നലെ കെജരിവാള്‍ കോ ആശിര്‍വാദ് പ്രചാരണത്തിനും സുനിത തുടക്കമിട്ടു. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥ കൂടിയായ സുനിത, കെജരിവാളിന്റെ പകരക്കാരിയായി എത്തണമെന്ന ആവശ്യമാണ് പാര്‍ട്ടി നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്.
പുതിയ സംവിധാനം ഒരുക്കിയില്ലങ്കില്‍ മന്ത്രിസഭയെ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ ലഫ്റ്റനന്റ് ഗവര്‍ണര്‍ നല്‍കിയേക്കും. ഭരണഘടനയുടെ 239 എബി അനുഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനു ഡല്‍ഹി മന്ത്രിസഭയെ പിരിച്ചുവിടാനാവും.