നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണ സമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്. മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ ഇടതുപക്ഷം നേതൃത്വം നല്കുന്ന ഭരണ സമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് രാജി.
ഹൈന്ദവരായ കലാകാരന്മാര്ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു സംഭവത്തില്‍ കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്.
നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു അദ്ദേഹം നടത്തിയ പ്രതികരണം. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കു ശേഷം നാലു മുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.