തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അദ്ദേഹം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രക്കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടി പ്രതികരണം അറിയിച്ചത്. പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് അദേഹം പ്രതികരിച്ചിരുന്നു. പുതുപ്പള്ളിയില്‍ നിന്നു മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കി മണ്ഡലം മാറുമെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നാകും അദ്ദേഹം ജനവിധി തേടുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വാര്‍ത്തയോട് പ്രതികരിച്ചത്.