ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു.
വൈകിട്ട് നാല് മണി വരെ നിയമസഭയിലെ പ്രത്യേക പോളിംഗ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. അഞ്ച് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 99 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉള്ളത്. 2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി.
കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്.
അതിനിടെ വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ വാക്കു തര്‍ക്കമുണ്ടായി. എല്‍ഡിഎഫിന്റെ ഒരു വോട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആദ്യ പിന്തുണ ആര്‍ക്കാണോ ആ പേരിനുനേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ആകെ 137 വോട്ടുകളാണ് പോള്‍ ചെയ്തത്.