മലങ്കരസഭാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ ഇന്ന് റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. മുളന്തുരുത്തി, പിറവം പള്ളികള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധവുമായി സംഘടിച്ചു. എല്ലാ ദിവസവും പ്രത്യക്ഷ സഹനസമര പരിപാടികള്‍ നടത്താനാണ് സഭ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആവശ്യപ്പെട്ടു. ഗുണപരമായ ശ്രമം ഉണ്ടായില്ലെങ്കില്‍ മറ്റു വഴികള്‍ തേടും. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗവുമായി ഇനി ചര്‍ച്ചക്കില്ലെന്ന് യാക്കോബായ സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ആരാധിച്ച് വരുന്ന പള്ളികള്‍ ഏറ്റെടുക്കുന്നത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ സഭ സമര പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറിയതിന് പിന്നാലെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ചത്. നിര്‍ത്തിവെച്ച സമര പരിപാടികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളടക്കം സഭയുടെ കീഴിലെ മുഴുവന്‍ ദേവാലയങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം ആരംഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ചതിയിലൂടെയും വഞ്ചനയിലൂടെയും ഓര്‍ത്തഡോക്സ് സഭ പള്ളി ഏറ്റെടുക്കുകയാണെന്നാണ് യാക്കോബായ സഭയുടെ ആരോപണം. അതുകൊണ്ട് തന്നെ ഇനി ഓര്‍ത്തഡോക്സ് സഭയുമായി യാതൊരു വിധ ചര്‍ച്ചകളും ഉണ്ടാവില്ലെന്ന് സഭാ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പള്ളികള്‍ക്ക് മുന്നിലെ സമരത്തോടൊപ്പം തന്നെ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സമരം നടത്താന്‍ സഭാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്.