ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കാനിരിക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് അഭ്യര്‍ഥിച്ചിരുന്നു. എല്ലാവരും പ്രതീക്ഷിച്ച തീരുമാനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചുനിന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മീണ പറഞ്ഞു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ന് കേന്ദ്രവുമായുള്ള യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യമെന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഇതേ നിലപാടാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ചത്.
കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചവറയും കുട്ടനാടും അടക്കം 64 നിയമസഭാ മണ്ഡലങ്ങളിലും ബിഹാറിലെ വാല്മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.