ആധാര്‍ ദുരുപയോഗം തടയാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കാര്‍ഡിലെ അവസാന നാലക്ക നമ്പര്‍ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാര്‍ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ നിന്നും മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ആര്‍ക്കും നല്‍കരുതെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. UIDAIല്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമാണ്.
സ്വകാര്യസ്ഥാപനങ്ങള്‍ ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് നിര്‍ദേശം പുറത്തിറക്കിയത്.
എന്താണ് മാസ്ക്ഡ് ആധാര്‍ കാര്‍ഡ്?
സാധാരണയായി 12 അക്ക നമ്പര്‍ ആയിരിക്കും ആധാര്‍ കാര്‍ഡില്‍ ഉണ്ടായിക്കുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശ പ്രകാരം ഇനി മുതല്‍ മാസ്ക് ചെയ്ത ആധാര്‍ കാര്‍ഡ് ആയിരിക്കും സ്വകാര്യ വ്യക്തികള്‍ ആധാര്‍ വിവരം കൈമാറേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള മാസ്ക്ഡ് ആധാര്‍ കാര്‍ഡില്‍ ആദ്യത്തെ എട്ട് അക്കങ്ങള്‍ മാസ്ക് ചെയ്തിട്ടാകും ഉണ്ടാകുക. അവസാന 4 അക്കങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ. യു.ഐ.ഡി.എ.ഐ വെബ്സൈറ്റില്‍ നിന്ന് ആധാറിന്റെ മാസ്ക് കോപ്പി ഡൗണ്‍ലോഡ് ചെയ്യാം.
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കുമ്പോള്‍ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുവായ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, ആ കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകര്‍പ്പുകളും പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഒരു സ്ഥാപനം നിങ്ങളുടെ ആധാര്‍ കാര്‍ഡ് കാണാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് യു.ഐ.ഡി.എ.ഐയില്‍ നിന്ന് വാലിഡ് ആയ ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.