നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയന്‍ സ്വദേശി പിടിയിലായതിനെതുടര്‍ന്നാണ് നടപടി. ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗ കൊച്ചിയിലേക്ക് കൊക്കെയിനുമായി എത്തിയത്. ഈ മാസം 19-ന് എത്യോപ്യയില്‍നിന്ന് മസ്കറ്റ് വഴിയാണ് ഇയാള്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളില്‍ നിന്ന് ഡി.ആര്.ഐ. പിടികൂടിയത്.
ട്രോളി ബാഗിനടിയില്‍ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ പൊതുവേ സ്വീകരിച്ചിരുന്നത്. മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാന്‍ തുടങ്ങിയതോടെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിന്‍ പിടികൂടുന്നത്.
മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണ് കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗ കൊച്ചിയിലേക്ക് കൊക്കെയിനുമായി എത്തിയത്. ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ ഡി.ആര്.ഐ.ക്ക് കണ്ടെത്താനായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 19-ന് ഡി.ആര്.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി ഇയാളെ പിടികൂടി പരിശോധന നടത്തിയെങ്കിലും ബാഗിലും ശരീരത്തിലുമൊന്നും മയക്കുമരുന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് എക്സ്റേ പരിശോധന നടത്താന്‍ തീരുമാനിച്ചു.
വിദേശ പൗരനായതിനാല്‍ എക്സ്റേ പരിശോധന നടത്തണമെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം. അനുമതി വാങ്ങി അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധന നടത്തി. ഇയാളുടെ വയറ്റില്‍ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തി. വീണ്ടും മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇയാളെ അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ഒരാഴ്ചക്കാലം ഇയാള്‍ക്ക് ഡി.ആര്.ഐ. സുരക്ഷ ഒരുക്കി. ഒരാഴ്ചത്തെ ശ്രമഫലമായി മയക്കുമരുന്ന് മുഴുവന്‍ പുറത്തെടുത്തു. കൊക്കെയിന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയിരിക്കുകയായിരുന്നു. ഗുളികകളില്‍ പോളിത്തീന്‍ കവര്‍ അനാവരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള 50 ഗുളികകളുണ്ടായിരുന്നു. വിശദമായ പരിശോധനയില്‍ കൊക്കെയിനാണെന്ന് സ്ഥിരീകരിച്ചു. 85 ശതമാനം പരിശുദ്ധമായ കൊക്കയിനാണിത്. ഇതില്‍ മറ്റു ചേരുവകള്‍ ചേര്‍ത്താണ് വിപണിയില്‍ വിറ്റഴിക്കുന്നത്.
കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം.
കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ കെനിയന്‍ സ്വദേശി ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. കൊച്ചിയില്‍ ഇറങ്ങിയ ശേഷം ഇയാള്‍ ബെംഗളൂരുവിലേക്കോ ഡല്‍ഹിയിലേക്കോ പോകാനായിരിക്കാം പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ. ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരുകയാണ്.