തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. വയറ്റില്‍ കത്രിക കുടുങ്ങിയ വയനാട് സ്വദേശി ഹര്‍ഷിനയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെ എന്ന് കണ്ടെത്താനായിരുന്നില്ല ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം. ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങിയതും അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണമായിട്ടുണ്ട്.
നേരത്തെ ഏഴു ദിവസത്തോളം നീണ്ട സമരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ മൂലം അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു ഹര്‍ഷിനയുടെ സത്യാഗ്രഹം. സമരപന്തലിലെത്തി ഹര്‍ഷിനയെ കണ്ട മന്ത്രി പരാതിയില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും നീതി ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങുകയായിരുന്നു.
2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി.
അതേസമയം ചികിത്സാ പിഴവെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ശാരീരിക അസ്വസ്ഥതകളും അവശതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ ഹര്‍ഷിന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.