ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്കൃതമാണെന്ന് ഡിവൈഎഫ്ഐ. മൂന്ന് മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന നിയമം ഏര്‍പ്പെടുത്താനുള്ള തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗര്‍ഭിണിയാണെങ്കില്‍ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ അത് അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ സര്‍ക്കുലറില്‍ പറയുന്നത്.
സ്ത്രീകളോടുള്ള വിവേചനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവര്ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്ബിഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് 2009 ലാണ് മാറ്റം വന്നത്.
ഈ നിയമന വിലക്ക് വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.