രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ച ഉത്തര്‍പ്രദേശിന് റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും മികച്ച പരേഡിനുള്ള പുരസ്കാരം. ത്രിപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
‘അയോധ്യ, ഉത്തര്‍പ്രദേശിന്റെ സാംസ്കാരിക പൈതൃകം’ എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. മുന്നില്‍ വാത്മീകി മഹര്‍ഷിയും പിന്നില്‍ രാമക്ഷേത്രവും എന്ന മാതൃകയാണ് യുപി അവതരിപ്പിച്ചത്. ഇതാദ്യമായാണ് വിവാദ വിഷയമായ അയോധ്യ റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചല ദൃശ്യമായി അവതരിപ്പിക്കപ്പെടുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നു 17 ദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്ന് ഒന്‍പതും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ആറും ഉള്‍പ്പെടെ 32 നിശ്ചല ദൃശ്യങ്ങളാണ് ഇക്കുറി പരേഡില്‍ പങ്കെടുത്തത്.
കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ ‘സ്വാശ്രയ ഭാരത പ്രചാരണം: കോവിഡ്’ എന്ന വിഷയത്തില്‍ ജൈവ സാങ്കേതികവിദ്യാ വകുപ്പു തയാറാക്കിയ നിശ്ചല ദൃശ്യത്തിനാണ് പുരസ്കാരം. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പുരസ്കാരങ്ങള്‍ കൈമാറി.