സോളാര്‍ കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും അദ്ദേഹം ചോദിച്ചു.
കേസില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് ഏറ്റത് കടുത്ത അപമാനമാണെന്ന് സതീശന് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഇത്തരം വേട്ടയാടലുകള്‍ നടക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ സതീശന് എല്ലാത്തിനും ഉത്തരവാദി പിണറായി വിജയനാണെന്നും ആരോപിച്ചു. കാലം മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും കണക്ക് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസോര്‍ട് വിവാദത്തില്‍ വസ്തുത പിണറായി പുറത്ത് വിടണം.എന്തുകൊണ്ടാണ് ഒളിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്: നാട്ടില്‍ നടത്തുന്ന അഴിമതി അന്വേഷിക്കണോ എന്ന് പാര്‍ട്ടി അല്ല തീരുമാനിക്കേണ്ടത്. ഇത് അഴിമതി കേസ് ആണ്. എകെജി സെന്ററില്‍ ഒതുക്കേണ്ട വിഷയമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. കേസില്‍ നേരത്തേ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.