കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജന്. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷ ശ്രമമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജയരാജന് വിഷയം പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂര്‍ കപ്പക്കടവില്‍ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂരില്‍ തന്നെ അനുകൂലിച്ച് ഫ്ലക്സ് വച്ചത് വലതുപക്ഷ ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എന്നാല്‍ ഇത് നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടോയുള്ള ഒരു ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷശ്രമം. അതിനുവേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും. സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ലക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.