സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു.ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയര്ക്ടര് പതാക ഉയര്‍ത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.
കോടതി അപ്പീല്‍ വിധി ഇല്ലാതെ മൊത്തം 14000 പേര് കലോത്സവത്തില്‍ പങ്കെടുക്കും. സംസ്കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കും. കലാകാരന്മാര്ക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂര്‍ത്തിയാകും.
മത്സര വേദികളില്‍ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിക്കും. ഭക്ഷണശാല മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് സജീകരിച്ചിട്ടുളളത്. ഒരു സമയം 2000 പേര്‍ക്ക് കഴിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 17000 പേര് ഭക്ഷണത്തിന് ഉണ്ടാകും. മത്സര ഫലങ്ങള്‍ വേദിക്ക് അരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഉണ്ടാകും.
എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോര്‍ഡിങ്ങ് ഉണ്ടാകും. അപ്പീല്‍ വന്നാല്‍ സ്വീകരിക്കും. കുട്ടികള്‍ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.