സോളാര്‍ കേസിലെ സിബിഐ അന്വേഷണത്തെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സിബിഐ അന്വേഷിച്ചതുകൊണ്ടാണ് സത്യം പുറത്ത് വന്നത്. കേസന്വേഷണം സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് നന്ദിയെന്നും കെ സുധാകരന് പറഞ്ഞു.
‘സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉര്‍വ്വശി ശാപം ഉപകാരമെന്നതുപോലെയായി. സത്യസന്ധമായ അന്വേഷണമാണ് സിബിഐ നടത്തിയത്.’ കെ സുധാകരന് പറഞ്ഞു. സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എപി അബ്ദുള്ളകുട്ടിക്കും സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം.
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവന്‍ സോളാര്‍ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. അതും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. അതേസമയം കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം.