തിരുവനന്തപുരം : സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ച് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ഉത്തരവിറങ്ങി. ഇനി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടര്‍ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ളതാണ് റവന്യു വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. ഭൂമിയേറ്റെടുക്കല്‍ സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ എതിര്‍പ്പുയര്‍ന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിന്മാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അതിരടയാളമിടാന്‍ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇടത് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തിരികെ എത്തിയ ഉദ്യോഗസ്ഥന്മാര്ക്കുള്ള പകരം നിയമന ഉത്തരവുകളും ഉടന്‍ പുറത്തിറങ്ങും.