നോയിഡ: സ്കൂളിലേക്ക് പോകുമ്പോള്‍ 12കാരിയെ 20കാരന് ബലാത്സംഗത്തിനിരയാക്കി. നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് പൊലീസിന്റെ വെടിയേറ്റു.
”രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സെക്ടര്‍ 32ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പ്രലോഭിപ്പിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. വിഷയം ലോക്കല്‍ സെക്ടര്‍ 24 പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പ്രതിയെ ഉടന്‍ പിടികൂടുകയും ചെയ്തു” പൊലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരവും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍, പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോയിഡ) രണ്‍വിജയ് സിംഗ് പറഞ്ഞു. ‘അവര്‍ സെക്ടര്‍ 25 ന് സമീപമായിരുന്നു, അയാള്‍ പൊലീസ് വാനില്‍ നിന്ന് ചാടി ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി.
ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ അവനെ വളഞ്ഞു, പക്ഷേ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് അയാള്‍ അവരെ ആക്രമിച്ചു,’ സിംഗ് പറഞ്ഞു. ഇതോടെയാണ് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തത്. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.