ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് ജയം. ഉക്രൈന്റെ ഒലക്സി ഹുന്ബിനെയാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുണ്‍ദീപ് ആവേശ ജയം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തില്‍ തരുണ്‍ദീപിന്റെ എതിരാളി. ജപ്പാന്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേല്‍ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.
അതേസമയം, വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ച്യുങ് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ, ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വര്‍ണം ഓസ്ട്രേലിയയുടെ നീന്തല്‍ താരം ആരിയാന് റ്റിറ്റ്മസ് സ്വന്തമാക്കിയിരുന്നു. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് താരത്തിന്റെ രണ്ടാം സ്വര്‍ണനേട്ടം. നേരത്തെ 400 മീറ്റര്‍ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിന്റെ ആദ്യ സ്വര്‍ണം. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ പരിശീലകന് ഡീന്‍ ബോക്സലിന്റെ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അമേരിക്കന്‍ ഇതിഹാസ താരമായ കേറ്റി ലെഡെക്കി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം സിയോഭാന് ബെര്നഡെട്ട് ആയിരുന്നു റ്റിറ്റ്മസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. അവസാന 20 മീറ്റര്‍ വരെ ചൈനീസ് താരത്തിനായിരുന്നു ലീഡ്. എന്നാല്‍, അവസാനത്തില്‍ നീന്തിക്കയറിയ റ്റിറ്റ്മസ് സ്വര്‍ണനേട്ടം സ്വന്തമാക്കുകയായിരുന്നു. 1.53.50 ആണ് റ്റിറ്റ്മസിന്റെ സമയം. ഇത് ഒളിമ്പിക്സ് റെക്കോര്‍ഡ് ആണ്. 1.53.92 സമയത്തോടെ സിയോഭാന് വെള്ളിയും 1.54.70 എന്ന സമയത്തോടെ കാനഡയുടെ പെന്നി ഒലെക്സിയാക്ക് വെങ്കലവും നേടി.
400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലെഡെക്കിയെ മറികടന്നായിരുന്നു ആരിയാന് റ്റിറ്റ്മസിന്റെ മെഡല്‍ നേട്ടം. മുന്‍പ് ഒരു തവണ പോലും ഒരു ഒളിമ്പിക്സ് ഫൈനല്‍ പരാജയപ്പെടാത്ത താരമാണ് ലെഡെക്കി. കരിയറില്‍ ആദ്യമായാണ് താരം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പെടാതിരിക്കുന്നത്. 800 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഒരുതവണ കൂടി ലെഡെക്കിയും റ്റിറ്റ്മസും ഏറ്റുമുട്ടും.