ഗാര്‍ഹിക പീഡന കേസുകളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി. ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിരക്ഷ പലപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് ഇത്തരം കേസുകളില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും വനിത കമ്മീഷന് അംഗം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലെ രണ്ടാംദിന പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പരാതിക്കാരോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വനിതാ കമ്മീഷനില്‍ പരാതികള്‍ വര്‍ധിക്കുന്നുവെന്നും എന്നാല്‍ അദാലത്തില്‍ പരാതിക്കാര്‍ ഹാജരാകാതെ കേസുകള്‍ ദീര്‍ഘമായി നീട്ടിക്കൊണ്ടു പോകുന്നുവെന്നും ഷിജി ശിവജി പറഞ്ഞു.
കൂടാതെ പരാതിക്കാരെ എതിര്‍കക്ഷികള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നുവെന്നും ഇത് നിയമവ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും അവര്‍ വ്യക്തമാക്കി.
രണ്ടാം ദിനത്തില്‍ 107 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 42 പരാതികള്‍ തീര്‍പ്പാക്കി. 6 പരാതികള്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസിനും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കൈമാറി. 214 പരാതികളാണ് രണ്ടു ദിവസമായി നടന്ന അദാലത്തില്‍ പരിഗണിച്ചത്. 59 അപേക്ഷകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ജൂലൈ 26നാണ് അടുത്ത അദാലത്ത്.
കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പരാതികളാണ് വനിതാകമ്മീഷന് മുമ്പില്‍ ഏറ്റവും കൂടുതല്‍ എത്തിയത്. അയല്വക്ക തര്‍ക്കങ്ങള്‍, അതിര്‍ത്തി പ്രശ്നങ്ങള്‍, വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിക്കല്‍, വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട വഞ്ചന തുടങ്ങിയവയാണ് കമ്മീഷന് മുന്നില്‍ എത്തിയ മറ്റ് പ്രധാന പരാതികള്‍.
വനിതാ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, അഡ്വ. എ.ഇ അലിയാര്, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.