ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിപദവിയില്‍ തുടരാം. സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവായിരുന്നു പൊതുതാത്പര്യഹര്‍ജി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ താന്‍ പ്രതിയായ കേസിലെ ഫയലുകള്‍പോലും ആവശ്യപ്പെടാന്‍ കെജ്രിവാളിനാകുമെന്നും അതനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
മുഖ്യമന്ത്രിയെ നീക്കുന്നതില്‍ ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്ന് കെജ്രിവാളിനെ മാറ്റണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്മീത് പ്രിതം സിങ് അറോറ എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. അറസ്റ്റിലാണെങ്കിലും കെജ്രിവാളിന് മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതിയിലെ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. ഭരണഘടനാപ്രതിസന്ധിയുണ്ടെങ്കില് രാഷ്ട്രപതിയോ ഗവര്‍ണറോ നടപടിയെടുക്കും. ഡല്‍ഹി ലെഫ്. ഗവര്‍ണറാണ് വിഷയം പരിശോധിക്കേണ്ടത്. അത് രാഷ്ട്രപതിയുടെയടുക്കല് പോകും. കോടതിയല്ല രാഷ്ട്രപതിഭരണമോ ഗവര്ണര്ഭരണമോ ഏര്‍പ്പെടുത്തേണ്ടത്. എക്സിക്യുട്ടീവ് വിഭാഗം തീരുമാനമെടുക്കട്ടെ. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതിയും ഉത്തരവിട്ടു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഏഴുദിവസത്തെ കസ്റ്റഡികൂടി വേണമെന്നായിരുന്നു ഇ.ഡി. ആവശ്യപ്പെട്ടത്.