യുക്രൈന് വിഷയത്തില്‍ യുഎന്‍ പൊതുസഭയിലും ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല. അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു. പതിനൊന്ന് രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.
1982ന് ശേഷം ആദ്യമായാണ് യുഎന്‍ അടിയന്തര പൊതുസഭ ചേരുന്നത്. ഇന്ന് രാത്രി 9.30നാണ് പൊതുസഭ ചേരുന്നത്. യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂര്‍വമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേര് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. 1956 മുതലുള്ള ചരിത്രത്തിലെ 11ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997ലാണ് ഇതിന് മുന്‍പ് യുഎന്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുള്ളത്.