ഇപി ജയരാജന് വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളില്‍ ഭിന്നത. സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കള്‍ രംഗത്തെത്തി. ജയരാജന് വിഷയത്തില്‍ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി. പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു.
ഇപി ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയനാണെന്നാണ് കെ എം ഷാജിയുടെ വാദം. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണെന്നും ഷാജി ആരോപിച്ചു. എത്രയോ വര്‍ഷമായി കുന്നിടിയ്ക്കാന്‍ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപ ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്. അതിനെല്ലാം അനുമതി കൊടുത്തത് എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാന്‍ പിണറായി മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ എതിര്‍പ്പുമായി കെപിഎ മജീദും രംഗത്തെത്തിയിരുന്നു. റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ യൂത്ത് ലീഗും രംഗത്തുവന്നു.
ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം വേണം. പാര്‍ട്ടി അന്വേഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ആരോപണമല്ല എന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തിയത്.
അതേസമയംകേരളത്തിലെ വിവാദം പിബി അജണ്ടയില്‍ ഇല്ലെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. പിബിയില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ചയെന്നും നേതൃത്വം സൂചന നല്കി.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമാകും.
സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങള്‍ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിന്റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയില്‍ ഉറച്ചു നില്ക്കുന്ന പി ജയരാജന് സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ രേഖാമൂലം പാര്‍ട്ടിക്ക് നല്‍കും.