കെ റെയില്‍ പദ്ധതിയില്‍ ലഘുലേഖയുമായി വീടുകള്‍ കേന്ദ്രീകരിച്ച് സിപിഐഎം പ്രചാരണം. എതിര്‍പ്പിന് പിന്നില്‍ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സിപിഐഎം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്ന് സിപിഐഎം ആരോപിക്കുന്നു. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകള്‍ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് പാതയെന്ന അവകാശവാദം ഉന്നയിച്ചാണ് പാര്‍ട്ടി നീക്കം. ജനങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും, 9314 കെട്ടിട ഉടമകള്‍ക്ക് പുനരധിവാസം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ലഘുലേഖയിലുണ്ട്. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയില്‍ വിശദീകരിക്കുന്നു.
അതേസമയം കെ റെയില്‍ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാല്‍ അംഗീകരിച്ച് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കില്‍ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിര്‍പ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയില്‍ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.