സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി ഇറങ്ങി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം പൗഡികോണത്ത് വെച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എക്കെതിരെ കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട എംഎല്‍എ കാര്‍ നിര്‍ത്തി ഇറങ്ങുകയായിരുന്നു. പൊലീസിന്റെ ആവശ്യം ഇല്ലെന്നും തന്നെ അവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെയെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. പൊലീസുകാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ചായിരുന്നു എംഎല്‍എയുടെ പ്രതികരണം.
‘നിങ്ങള്‍ പ്രതിഷേധിച്ചോ. ആരോപണം എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. ഇതെല്ലാം രാഷ്ട്രീയമാണ്. ഞാന്‍ ജനങ്ങളുടെ കൂടെ കാണും. പൊലീസിന്റെ സഹായമൊന്നും എനിക്ക് വേണ്ടാ. ഈ നാട്ടില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും. ഈ നാട്ടുകാരോട് എനിക്ക് പറയാനുണ്ട്. അങ്ങനെ പേടിപ്പിക്കാന്‍ നോക്കണ്ടാ’, കടകംപള്ളി സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിഷേധക്കാരെ തടയാനും പൊലീസിനെ എംഎല്‍എ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസുകാര്‍ മാറിനിന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരോട് എംഎല്‍എയുടെ മറുപടി. പ്രതിഷേധക്കാരെ പേടിച്ച് പിന്മാറില്ലെന്നും താനെന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കടകംപള്ളി നേരത്തെ പ്രതികരിച്ചിരുന്നു. സ്വപ്ന സുരേഷ് ഇന്ന് ബിജെപി പാളയത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്നു വര്‍ഷമായി പറയാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.