മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി. ഈ നിര്‍ദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. 137 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.
ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനമായ ബഞ്ച് മേല്‍നോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്നാട് പ്രതിനിധകളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മേല്‍നോട്ട സമിതി തീരുമാനം കൈകൊണ്ടത്.
ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.
എന്നാല്‍, ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഉന്നതതല യോഗത്തില്‍ സ്വീകരിച്ച ഈ നിലപാടുകള്‍ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും.
രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി.