കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ മുന്നണി വിട്ടു. ബില്ലിനെതിരെ പഞ്ചാബിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കര്‍ഷക വിരുദ്ധ ബില്ലുകള്‍ അവതരിപ്പിച്ച മുന്നണിയുടെ ഭാഗമായി തുടരനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹര് സിമ്രത് ബാദല്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് അകാലി ദള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദള്‍ കൈക്കൊണ്ടത്.
കര്‍ഷകരുടെ അഭിപ്രായങ്ങളും ആശങ്കകളും അറിയിച്ചെങ്കിലും യാതൊരു മാറ്റവും കൂടാതെയാണ് ബില്‍ കൊണ്ടുവന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ചാണ് നേരത്തെ അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചത്.
കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചിരുന്നതെങ്കിലും പാര്‍ട്ടി വോട്ട് ബാങ്കായ കര്‍ഷകരുടെ എതിര്‍പ്പ് കടുത്തതോടെ അകാലിദളിന് നിലപാട് മാറ്റേണ്ടി വരികയായിരുന്നു. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത അകാലിദള്‍ രാഷ്ട്രപതിയെ കണ്ട് ബില്ലില്‍ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം അകാലിദള്‍ പുറത്തു പോയതോടെ കര്‍ഷക വോട്ടു ബാങ്കിനെ ആശ്രയിക്കുന്ന എന്‍ഡിഎയിലെ മറ്റ് പാര്‍ട്ടികള്‍ക്ക് മേലും സമ്മര്‍ദ്ദം ശക്തമാകും. ഹരിയാനയിലെ ജെ.ജെ.പിയും ബിഹാറില്‍ ജെ.ഡി.യു വും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.