അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈന്യത്തില്‍ പ്രവേശനം തേടാന്‍ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളില്‍ 59,900 അപേക്ഷകള്‍ ആണ് ലഭിച്ചത്. ഡിസംബറില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിയമനം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
അഗ്നിപഥ് പദ്ധതിക്ക് എതിരെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിയമന നടപടികള്‍ ആരംഭിച്ചത്. ഒണ്‍ലൈനായി കര നാവിക വ്യോമ സേനകള്‍ അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ഉണ്ടാകുന്നത് ആവേശകരമായ പ്രതികരണം. വ്യോമസേന മൂന്ന് ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്.
ഇതുവരെ 59,000 പേര് അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ വ്യേമസേന സേവനത്തിന് അപേക്ഷ നല്കി. യുവാക്കള്‍ അഗ്നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേനയുടെ നിലപാട്.
ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷന് അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര് അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. 17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്നിപഥില്‍ അവസരം ലഭിക്കുക.