ന്യൂഡല്‍ഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. തമിഴ്നാട് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള പുരോഹിതർ ഡൽഹിയിലെത്തി ഔദ്യോഗിക വസതിയില്‍ വെച്ച് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറുകയായിരുന്നു.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്നതിന് മുന്നോടിയായി ആയിരുന്നു കൈമാറ്റം. ചടങ്ങ് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അലഹബാദിലെ വസതിയായ ആനന്ദഭവനില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിച്ചിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറുമെന്നായിരുന്നു നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയിൽ പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് കൈമാറിയ ചെങ്കോലാണിത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ രാജവാഴ്ചയുടെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളിൽനിന്ന് കടുത്ത എതിർപ്പുയർന്നിരുന്നു. മോദി വീണ്ടും ചെങ്കോല്‍ ഏറ്റുവാങ്ങുന്നതോടെ അന്ന് ചരിത്രത്തിന്റെ ഭാഗമാകാതിരുന്ന സംഭവം ഔദ്യോഗിക ചരിത്രമായി രേഖപ്പെടുത്തുകയാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.