സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതും അധ്യയനം ഓണ്‍ലൈനായി തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തി പത്തോ പന്ത്രണ്ടോ കുട്ടികളെ പങ്കെടുപ്പിച്ച് സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത് വിക്ടേഴ്സ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് ആലോചനയുണ്ട്.
ക്ലാസിന് ശേഷം ഗൂഗിള്‍ മീറ്റ് പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും ആലോചിക്കുന്നുണ്ട്. പ്ലസ് വണ്‍ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ തീരുമാനം വരാന്‍ സാധ്യതയുണ്ട്. പ്ലസ്വണ് പരീക്ഷ നടത്തണമെന്നും വേണ്ടെന്നും ആവശ്യമുയരുന്നുണ്ട്. പസ്ടു പരീക്ഷയ്ക്കൊപ്പം പ്ലസ് വണ്ണിലെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് നടത്തണമെന്നും ആലോചനയുണ്ട്.
പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. വിക്ടേഴ്സ് ചാനല്‍ വഴിയുളള ക്ലാസുകളും ഒന്നാം തീയതി തന്നെ തുടങ്ങും. രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം.