ലക്ഷദ്വീപില്‍ വിവാദ നടപടികള്‍ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഫിഷറീസ് വകുപ്പില്‍ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവില്‍ ആവശ്യപെടുന്നു.
കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ നിയമന രീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിരുന്നു. ദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റര്‍ നീങ്ങുന്നത്.
സാധാരണ 3 വര്‍ഷത്തിലൊരിക്കല്‍ ദ്വീപില്‍ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. ഇവരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.