ന്യയോര്‍ക്ക്: ക്യാമ്പസിനുള്ളില്‍ പാലസ്തീന് അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജ അടക്കം 2 ബിരുദവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അറസ്റ്റിലായത്. അചിന്ത്യയെ അച്ചടക്കനടപടിയുടെ ഭാഗമായി ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സഹ വിദ്യാര്‍ത്ഥിയായ ഹസ്സന് സെയിദിനൊപ്പമാണ് അചിന്ത്യയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ ജനിച്ച് കൊളംബസില്‍ വളര്‍ന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി.
പ്രതിഷേധം നിര്‍ത്തി ക്യാമ്പസ് വിട്ടുപോകണമെന്ന പൊതു സുരക്ഷാ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് രണ്ട് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ മക്കോഷ് കോര്‍ട്യാഡില്‍ വ്യാഴാഴ്ച രാവിലെയാണു നൂറിലേറെ വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ കെട്ടി പലസ്തീന് അനുകൂല ധര്‍ണ തുടങ്ങിയത്. ഇസ്രയേലില്‍നിന്നുള്ള പണം സ്വീകരിക്കുന്നതു സര്‍വകലാശാല നിര്‍ത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു അചിന്ത്യ, ഹസന് സായിദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ യുഎസ് ക്യാമ്പസുകളില്‍ നിന്ന് അറസ്റ്റിലായത് 550 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കുറഞ്ഞത് 61 പ്രതിഷേധകരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ, ജോര്‍ജിയയിലെ അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ 28 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ 33 പേരും അറസ്റ്റിലായി.
ഹാര്‍വഡ്, കൊളംബിയ അടക്കം പ്രമുഖ ക്യാംപസുകളെല്ലാം സമരക്കാരെ നീക്കം ചെയ്യാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയില്‍ 60 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. അറ്റ്ലാന്റ ഇമോറി യൂണിവേഴ്സിറ്റിയില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സര്‍വകലാശാല ക്യാംപസില്‍ സമരപ്പന്തലുകള്‍ നീക്കാന്‍ കേന്ദ്രസേനയെ വിളിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
അറസ്റ്റുകളെ അപലപിച്ച മനുഷ്യാവകാശ സംഘടനകളായ ഹ്യുമന്‍ റൈറ്റ്സ് വാച്ചും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും സമരക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാപസില്‍ ജൂതവിദ്യാര്ഥികള്ക്കുനേരെ അതിക്രമം നടക്കുന്നുവെന്ന ആശങ്ക റിപ്പബ്ലിക്കന്‍ നേതാക്കള്‍ യുഎസ് കോണ്‍ഗ്രസില്‍ ഉയര്‍ത്തി.