കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി പരസ്പരം ലയിച്ച് ഒന്നായ പിജെ ജോസഫ്, പിസി തോമസ് വിഭാഗങ്ങള്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. പിജെ ജോസഫ് ചെയര്‍മാനും പിസി തോമസ് പിന്തുടര്ച്ചാവകാശത്തോടുകൂടി വര്‍ക്കിങ് ചെയര്‍മാനുമായി പുതിയ നേതൃത്വം കേരളാ കോണ്‍ഗ്രസിന് നിലവില്‍ വന്നു.
ഓണ്‍ലൈന്‍ ഹൈപ്പവര്‍ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായ പിസി തോമസിന്റെ പാര്‍ട്ടിയില്‍ പിജെ ജോസഫും കൂട്ടരും ലയിച്ചു കൊണ്ടാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നത്.
എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടിയില്‍ ഒന്നാമനായി ജോസഫും രണ്ടാമനായി പിസി തോമസും മൂന്നാമനായി മോന്‍സ് ജോസഫും മാറി. സെക്രട്ടറി ജനറലായി ജോയ് എബ്രാഹത്തെയും തെരഞ്ഞെടുത്തു.
ടിയു കുരുവിളയ്ക്ക് പാര്‍ട്ടി കോ- ഓര്‍ഡിനേറ്റര്‍ പദവി. മൂന്ന് ഡെപ്യൂട്ടി ചെയര്മാന്മാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്, ജോണി നെല്ലൂര്‍ എന്നിവരാണ് ഡെപ്യൂട്ടി ചെയ്മാന്മാര്.
വക്കച്ചന് മറ്റത്തില്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്, വിസി ചാണ്ടി ഉള്‍പ്പെടെയുള്ളവരാണ് വൈസ് ചെയര്മാന്മാര്. കെ എഫ് വര്‍ഗീസ് ട്രഷറര്‍.
ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരങ്ങളും പിസി തോമസിന്റെ പാര്‍ട്ടിയില്‍ പിജെ ജോസഫും കൂട്ടരും ലയിച്ച വിവരവും ഔദ്യോഗികമായി ഇലക്ഷന് കമ്മീഷനെ അറിയിക്കുന്നതിനായി ആവശ്യമായ രേഖകളുമായി അടുത്ത ദിവസം തന്നെ പാര്‍ട്ടി പ്രതിനിധി ഡല്‍ഹിക്കു പോകും. ലയനത്തിനും ഭാരവാഹി തെരഞ്ഞെടുപ്പിനും അനുമതി ലഭിച്ച ശേഷമാകും ജനറല്‍ സെക്രട്ടറിമാരുടെ നാമ നിര്‍ദ്ദേശം.
മൂന്നു ഡസനിലേറെ ജനറല്‍ സെക്രട്ടറിമാരെയാണ് ആദ്യ ഘട്ടത്തില്‍ തന്നെ പിജെ ജോസഫ് നാമനിര്‍ദ്ദേശം ചെയ്യുകയെന്നാണ് സൂചന.
കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങളായി മാറിയെങ്കിലും പാര്‍ട്ടി തര്‍ക്കത്തില്‍ ചിഹ്നവും പാര്‍ട്ടിയും ഇലക്ഷന് കമ്മീഷന് ജോസ് കെ മാണിക്ക് അനുവദിച്ചു നല്‍കുകയായിരുന്നു. ഇത് സുപ്രീം കോടതിയിയും അംഗീകരിച്ചതോടെ ജോസഫിന് പാര്‍ട്ടി ഇല്ലാതായിരുന്നു.
ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്. ഇതുപ്രകാരം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിസി തോമസിനെ മത്സരിപ്പിക്കാനാണ് ധാരണ.