ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും. ഇരുവര്‍ക്കുമെതിരെ നടപടി ഉണ്ടായേക്കും. ഇരുവരെയും സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന.
ലോക്സഭയുടെ അന്തസിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ സഭയില്‍ നിന്നും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാം. ഇതിനായി പാര്‍ലമെന്ററികാര്യ മന്ത്രിയോ സര്‍ക്കാരോ പ്രമേയം പാസാക്കണം.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി. കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്കാന് 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.