സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഈ മാസം 31 മുതലാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതാനൊരുങ്ങുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 4,26,999 കുട്ടികളാണ് റെഗുലര്‍ ക്ലാസില്‍ പരീക്ഷയെഴുതുന്നത്. മാര്‍ച്ച് 30ന് പ്ലസ്ടു പരീക്ഷ ആരംഭിക്കും.
നിലവില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആണ്.
പരീക്ഷകള്‍ക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേര്‍ന്നു. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂര്‍വം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
നല്ല തയാറെടുപ്പോടെയാണ് സ്കൂളുകള്‍ തുറക്കുന്നത്. ജൂണ്‍ ഒന്നിന് എല്ലാ സ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി ശില്പശാല സംഘടിപ്പിക്കും. സ്കൂളുകളുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും. ടിസി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പഠനവും മുടങ്ങില്ല. അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും. അമിത ഫീസ് സംബന്ധിച്ച പരാതികള്‍ പരിശോധിച്ചു വരികയാണ്. ഒന്നാം ക്ലാസില്‍ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വര്‍ഷം 5 വയസ്സായിരിക്കും. അടുത്ത വര്‍ഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.