തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. നോട്ടീസ് ലഭിച്ച സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകും. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ലൈഫ് മിഷന് കോഴക്കേസിന്റെ അന്വേഷണ പരിധിയിലാവുകയാണ്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും ഭാഗമായ സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരേപോലെ പ്രതിസന്ധിയുണ്ടാക്കും.
എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നെന്ന സ്വപ്നയുടെ മൊഴിക്ക് പുറമേ പുറത്തുവന്ന സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്ട്സ് ആപ്പ് ചാറ്റുകളും രവീന്ദ്രന് കുരുക്കാവും. സ്വപ്നയുമായി രവീന്ദ്രനുള്ള വലിയ അടുപ്പം വ്യക്തമാക്കുന്ന സ്വകാര്യ ചാറ്റുകളാണ് ഇവയിലേറെയും.
മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറില്‍ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിന് ലഭിച്ച കൈക്കൂലിയില്‍ സിഎം രവീന്ദ്രന്റെ പങ്കുണ്ടോ എന്ന കാര്യത്തിലെ വ്യക്തതക്കാണ് ചോദ്യം ചെയ്യല്‍.
ടെണ്ടറില്ലാതെ ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മീഷന് നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറില്‍ നടത്തിയ വാട്സ് ആപ് ചാറ്റിലും സിഎം രവീന്ദ്രനെ കൂടി വിളിക്കാന്‍ ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദ്ദേശിക്കുന്നുണ്ട്.