കേരളത്തിലെ കോവിഡ് വ്യാപനം തടയാന്‍ കഠിന പ്രയത്നം നടത്തിയ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കാതെ വഞ്ചിച്ച കേരള സര്‍ക്കാരിനെതിരെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച് 3നു വഞ്ചനാ ദിനം ആചരിക്കും. ഡോക്ടര്‍മാര്‍ക്ക് കുടിശ്ശിക ആയി കിട്ടാനുള്ള ശമ്പളവും അലവന്‍സുകളും പൂര്‍ണ്ണമായി നല്‍കാതെ തുച്ഛമായ തുക നല്കി സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയിയും സംസ്ഥാനസെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്കറും പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും മാന്യമായ ശമ്പള വര്‍ദ്ധന നല്കിയപ്പോള്, സ്വന്തം ജീവന് പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തില്‍ നിന്നു കര കയറ്റാന്‍ പ്രയത്നിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് നാമ മാത്രമായ ആനുകൂല്യങ്ങള്‍ എറിഞ്ഞു കൊടുത്തു കൊണ്ട് സര്‍ക്കാര്‍ അപമാനിച്ചുവെന്നു ഇരുവരും പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് 2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണം സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയങ്ങളാല്‍ മാത്രം 2020 വരെ നീണ്ടു പോയി. ഈ കാലയളവില്‍ കിട്ടേണ്ട അലവന്‍സുകള്‍ അടക്കമുള്ള ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജനുവരി അവസാനം മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരുന്നു. എന്നാല്‍, ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള സമരങ്ങള്‍ ഒഴിവാക്കാന്‍ സംഘടന ശ്രദ്ധിച്ചിരുന്നു. രോഗീ പരിചരണം നിര്‍ത്തി വച്ചു സമരം ചെയ്യാമായിരുന്നിട്ടും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രത്യക്ഷ സമര രീതികള്‍ ഒഴിവാക്കി സഹന സമരത്തിലേക്ക് പോയ ഡോക്ടര്‍മാരുടെ മനുഷ്യത്വപരമായ നിലപാട് ചൂഷണം ചെയ്യുകയും ഡോക്ടര്‍മാരെ വഞ്ചിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും എന്നറിയാമായിരുന്ന സര്‍ക്കാര്‍, അനിശ്ചിതകാലസമരം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി. ആ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
അങ്ങനെ, സര്‍ക്കാര്‍ നല്കിയ ഉറപ്പു പാലിക്കുമെന്ന വിശ്വാസത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടി സംഘടന അനിശ്ചിതകാല സമരം നീട്ടി വയ്ച്ചു. സര്‍ക്കാര്‍ മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം, തല്‍ക്കാലത്തേക്ക് സമരം നിര്‍ത്തിവയ്പ്പിക്കാനും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും വേണ്ടി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഒരു കുതന്ത്രം മാത്രമായിരുന്നു എന്നു സംഘടന തിരിച്ചറിയുന്നുവെന്നു ഇരുവരും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട രണ്ടാഴ്ചക്കാലം കഴിഞ്ഞിട്ടും യാതൊരു ഉറപ്പും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടും സമരം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍, ആ സമരം തുടങ്ങുന്നതിന്റെ തലേദിവസം വീണ്ടും ആരോഗ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചത് അനുസരിച്ച് സംഘടന വീണ്ടും ഒരു ചര്‍ച്ചയ്ക്ക് തയ്യാറായി. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായും ധനമന്ത്രി തോമസ് ഐസക്കുമായും ചര്‍ച്ചകള്‍ നടത്തി.
ആ ചര്‍ച്ചകളില്‍ ഇരുവരും ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവരും പൊള്ള വാഗ്ദാനങ്ങള്‍ നല്കി കോവിഡ് പോരാളികളെ നിഷ്കരുണം വഞ്ചിക്കുകയായിരുന്നുവെന്നു ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ കുടിശ്ശിക നല്‍കാനുള്ള ഉത്തരവില്‍ വ്യക്തമാണ് എന്ന് ഇരുവരും പറഞ്ഞു. കോവിഡ് ചികിത്സാരംഗത്ത് കേരള സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ രണ്ടായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രയത്ന ഫലമായിരുന്നുവെന്നു സര്‍ക്കാര്‍ മാത്രം സൗകര്യപൂര്‍വം മറന്നുപോയി. രാജ്യത്തെ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം ആകാനുള്ള കാരണവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ മികച്ച സേവനം ആയിരുന്നുവെന്നും സര്‍ക്കാര്‍ വിസ്മരിക്കരുത് എന്നും കെ ജി എം സി റ്റി എ നേതാക്കള്‍ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുന്‍പ് ഓരോ ദിവസവും പത്ര മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വാരിക്കോരി ചിലവഴിച്ച തുകയുടെ ഒരംശം മാത്രം മാറ്റിവെച്ചാല്‍ പോലും ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്കാന് കഴിയുമായിരുന്നു എന്ന കാര്യവും ഇരുവരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.