മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത്. പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ കയറി ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങളോട് എതിര്‍പ്പണുള്ളത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണ്. മക്കള്‍ പോപ്പുലര്‍ ഫ്രണ്ട്കാര്‍ ആയതിനു കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. പി കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഷാജി പറഞ്ഞു.
സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടെത്തി വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്കി. ഹര്‍ത്താലിലെ നഷ്ടം ഈടാക്കുന്നതിനായുളള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തല്‍ നടപടിയില്‍ കേരളാ പൊലീസ് ചെയ്തതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വിമര്‍ശിച്ചിരുന്നു.