മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്.
തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി.
അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പൊലീസ് ബുദ്ധിമുട്ടി. അതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറും ആരംഭിച്ചു.
പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറു ദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്കി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.