മേയര്‍ ആര്യാ രാജേന്ദ്രനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ മുരളീധരന് എംപിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെ പറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെയെന്നും ഇങ്ങനെ തരം താഴരുതെന്നും റഹീം പറഞ്ഞു.
വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ, മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്. ‘കാണാന്‍ കൊള്ളാത്തവര്‍’ അതായത്, കറുത്ത നിറമുള്ളവര്‍ സാധാരണ തെറി പറയുന്നവര്‍ എന്ന് കൂടിയാണ് മുരളീധരന് പറഞ്ഞു വയ്ക്കുന്നതെന്ന് റഹീം വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരന് വിളമ്പിയത്. നിങ്ങളുടെ മകളാകാന്‍ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെ പറയാന്‍ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ (ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്). സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതല്‍ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാര്‍ക്കിടുന്നതും?
മുരളീധരന്റെ കാഴ്ചയില്‍, കാണാന്‍ സൗന്ദര്യമില്ലാത്ത, കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ, മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോണ്‍ഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്. ‘കാണാന്‍ കൊള്ളാത്തവര്‍’ അതായത്, കറുത്ത നിറമുള്ളവര്‍ സാധാരണ തെറി പറയുന്നവര്‍ എന്ന് കൂടിയാണ് മുരളീധരന് പറഞ്ഞു വയ്ക്കുന്നത്.