വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഓണകുമ്മാട്ടിയെത്തി. കേരള ഫോക്-ലോര്‍ അക്കാദമിയും സ്ക്കൂളിലെ ഫോക്-ലോര്‍ ക്ലബ്ബും ചേര്‍ന്നാണ് കുമ്മാട്ടി സംഘടിപ്പിച്ചത്. രാവിലെ പത്തര മണിയോടെ കുട്ടികളോടൊപ്പം ആടിയും പാടിയും ക്ലാസ് മുറികളെ വീട്ടകങ്ങളാക്കി കുമ്മാട്ടി നിറഞ്ഞാടി. ഫോക്-ലോര്‍ ക്ലബ്ബിലെ കുട്ടികള്‍ കുമ്മാട്ടി വേഷത്തില്‍ സംഘത്തോടൊപ്പം ചേര്‍ന്നത് കൗതുകമായി. പൊയ്മുഖങ്ങളണിഞ്ഞ്, പുല്ലുചുറ്റി, വില്ലുകൊട്ടി വീടുകയറുന്ന കുമ്മാട്ടികള്‍ ദോഷങ്ങളെ നീക്കി ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.
സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി കുമ്മാട്ടി വേഷങ്ങള്‍ക്ക് ഓണപ്പുടവയും ദക്ഷിണയും നല്‍കിയതോടെ അവതരണത്തിന് ആരംഭമായി. കുമ്മാട്ടിയെക്കുറിച്ച് പി. ടി. എ. പ്രസിഡന്റ് മോഹന്‍ദാസ് എസ്. സംസാരിച്ചു. കുമ്മാട്ടി കലാകാരന്മാര്ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് ജീമോള്‍ കെ. ജോര്‍ജ് സ്വാഗതം ആശംസിച്ചു. സ്കൂള്‍ അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം. കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. തൃശൂര്‍ സ്വദേശിയും 2010 ലെ ഫോക്-ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ. ജി. സുകുമാരനും സംഘവുമാണ് കുമ്മാട്ടി അവതരിപ്പിച്ചത്.
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന മലയാള ശ്രീമാന്‍, മലയാളി മങ്ക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും പൂക്കള മത്സര ജേതാക്കള്‍ക്കുള്ള ഫലകങ്ങളും തുടര്‍ന്ന് നടന്ന യോഗത്തില്‍ വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു കുമാര്‍ കൃതജ്ഞത പറഞ്ഞു.