കൊടകര കുഴല്‍പ്പണക്കേസിലെ നാലാംപ്രതി ധര്മരാജന് ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിക്ക് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്. ബിജെപി നേതാക്കളും പ്രതികളാവാം. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ.സുരേന്ദ്രന് അറിയാം. അതാണ് സാക്ഷിയാക്കിയത്. കള്ളപ്പണം ബിജെപിയുടേതു തന്നെ. ഉറവിടം വെളിപ്പെടുത്തേണ്ടി വരും. പ്രതിപക്ഷം സംസാരിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്.
പണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കര്‍ണാടകയില്‍ നിന്നാണ്. 40 കോടിയാണ് എത്തിച്ചത്. കര്‍ണാടകയില്‍ സ്വരൂപിച്ച 17 കോടിയെപ്പറ്റിയും സൂചന കിട്ടി. എന്‍ഫോഴ്സ്മെന്റിന് കേസെടുക്കാന്‍ അധികാരമുണ്ട്. സംസ്ഥാനം കൈമാറേണ്ടതില്ല. കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. പണത്തിന്റെ സ്രോതസും ബിജെപിയുടെ പങ്കും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് റോജി എം. ജോണ്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സിപിഎം- ബിജെപി ധാരണയുടെ ഭാഗമെന്നാണ് പ്രതിപക്ഷ ആരോപണം.