കുണ്ടറ പീഡനശ്രമം ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍സ് ചെയ്യാന്‍ തീരുമാനമായി. പാര്‍ട്ടിയുടെ സത്പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പരസ്യപ്പെടുത്തിയെന്നാരോപിച്ച് പരാതിക്കാരിയുടെ പിതാവിനെ ഉള്‍പ്പടെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഡാലോചനയെന്ന് ആക്ഷേപത്തിന് ബലം കൂട്ടുന്നതാണ് എന്‍സിപി നടപടി. അതേസമയം മന്ത്രി എ.കെ ശശിന്ദ്രന് എന്‍സിപി ക്ളീന്‍ ചിറ്റ് നല്കി.
പെണ്‍കുട്ടിയുടെ പിതാവിനേയും മണ്ഡലം ഭാരവാഹിയായ രാജീവനേയും നേരത്തെ എന്‍സിപിയില്‍ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെ കൂടി സംസ്ഥാന സമിതി ഇന്ന് സസ്പെന്‍ഡ് ചെയ്തു. എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്, ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ്, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് പുതുതായി സസ്പെന്റ് ചെയ്തത്.
ഇതില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണ്‍ വിളിക്കാന്‍ മന്ത്രിയെ സമ്മര്‍ദ്ദം ചെലുത്തിയെന്നതാണ് പ്രതീപ് കുമാറിനെതിരായ കുറ്റം. പെണ്‍കുട്ടി നല്കിയ പരാതി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ഹണി വിറ്റോയ്ക്ക് എതിരായ നടപടി. ബെനഡിക്റ്റാണ് ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് കൈമാറിയതെന്നാണ് കണ്ടെത്തല്‍. സംസ്ഥാന നേതൃത്വത്തെ അധിക്ഷേപിച്ചു വെന്ന കുറ്റം ചുമത്തിയാണ് ബിജുവിനെതിരായ നടപടി.
എന്‍സിപിയുടെ പ്രത്യേക അന്വേഷണ കമ്മിഷന് ആരോപണ വിധേയനായ ജി പത്മാകരനെയും എസ് രാജീവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പത്മാകരന് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനപരമായ ആരോപണമാണെന്നും തനിക്കും കുടുംബത്തിനും മാനസികാഘാതമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തു വിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്നും രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.
ഇന്നലെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. അതേസമയം കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കും. പരാതിക്കാരിക്ക് നിയമ പരിരരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും ഒപ്പം എകെ ശശീന്ദ്രന് തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.