തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു ഔദ്യോഗിക വോട്ടിങ് സമയം. എന്നാല്‍, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്കി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകുക. വൈകീട്ട് 7.45 മണി വരെ 70.03 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടര്‍മാര്‍ വരിയില്‍ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്.
പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് ആരംഭത്തില്‍ തന്നെ ബൂത്തുകളില്‍ വലിയ തിരക്കാണനുഭവപ്പെട്ടത്. അതേസമയം, പോളിങ് വേഗത കുറവാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപമുയര്‍ന്നു. ഇതിനുപിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെ.കെ. രമ എം.എല്‍.എ. രംഗത്തെത്തി. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിലായി ഏഴ് പേര് കുഴഞ്ഞുവീണ് മരിച്ചു.